ഒരോ മീനിനെ പറ്റിയും ജീവിയെപറ്റിയും എഴുതാന്‍ വിട്ടുപോയ എന്തെങ്കിലും നിങ്ങള്‍ക്കറിയാമെങ്കില്‍ കമന്റിലൂടെ പൂരിപ്പിക്കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.

November 17, 2008

വിവിധയിനം പരലുകള്‍

പരലുകളെ ആര്‍ക്കും പരിചയപ്പെടുത്തേണ്ട കാര്യമില്ല എന്ന് തോന്നുന്നു. പക്ഷേ പലതരം പരലുകളെപറ്റി പറയേണ്ടിയിരിക്കുന്നു. നമ്മുടെ ആറുകളിലും തോടുകളിലും എന്നു വേണ്ട വെള്ളം ഉള്ളയിടത്തെല്ലാം വിവിധ തരത്തിലുള്ള പരലുകളെ കാണാം. എത്രയിനം പരലുകള്‍ കേരളത്തില്‍ ഉണ്ട് എന്ന്‍ എനിക്കറിയില്ല. പക്ഷേ താഴെപ്പറയുന്ന പലയിനത്തേയും ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്.
:::::::::::::::::::::::::: x :::::::::::::::::::::::::::::::::
പരലുകള്‍
1. കേരളത്തിലെ ആറുകളില്‍ സാധാരണ കണ്ടുവരുന്ന രണ്ടിനം പരലുകള്‍ ആണ് ഉരുളന്‍ പരല്‍ /ഊളിപ്പരല്‍ (Puntius amphibius), പൂവാലിപ്പരല്‍/കൊടിച്ചി പരല്‍ (Puntius filamentosus) എന്നിവ. ഇവയില്‍ കൊടിച്ചി പരല്‍ വലുപ്പത്തില്‍ ഇത്തിരി വലുതായിരിക്കും. വാലുകളില്‍ കൊടി പോലെ കളര്‍ ഉള്ളതിനാല്‍ ആണ് ഇവയെ ഞങ്ങള്‍ കൊടിച്ചി എന്ന് പറയുന്നത്. പൂവാലി എന്നതിന് പ്രത്യേക വിവരണം വേണമെന്ന് തോന്നുന്നില്ല.

ഉരുളന്‍ പരല്‍


കൊടിച്ചി പരല്‍

:::::::::::::::::::::::::: x :::::::::::::::::::::::::::::::::
2. പരലുകളില്‍ വലിയവനാണ് കുറുവപ്പരല്‍/കുറുച്ചിപ്പരല്‍ (Puntius sarana). ഉരുണ്ട ദേഹവും ചെറിയ രണ്ടു മീശകളുമായി ഇവനെ കാണുന്നത് തന്നെ ഒരഴകാണ്. വറക്കാനാണെങ്കില്‍ ബെസ്റ്റും. നീളം ആറിഞ്ച് ഏഴിഞ്ച് വരെ കാണും.




കുറുവപ്പരല്‍
:::::::::::::::::::::::::: x :::::::::::::::::::::::::::::::::

3. കടുങ്ങാലി (Puntius ticto), കൈപ്പ (Puntius vittatus) എന്നീ വര്‍ഗ്ഗങ്ങള്‍ ആണ് പരല്‍മീനുകളില്‍ ചെറിയവന്മാര്‍. ഇതില്‍ കൈപ്പ എന്നയിനം കൂട്ടം കൂട്ടമായി നടക്കുന്നവയാണ്. ഒരിഞ്ച് ഒന്നരയിഞ്ച് വലുപ്പമുള്ള ഇവയെ "പീര" വയ്ക്കാന്‍ ഉപയോഗിക്കുന്നു. (ചുമ്മാ ചട്ടിയില്‍ ഇട്ട് ഇത്തിരി ഉപ്പുകല്ലും വാരിയിട്ട് തേച്ച് കഴുകിയെടുത്ത് തേങ്ങാപ്പീരയുമിട്ട്, കുടമ്പുളുയുമിട്ട് തോരന്‍ കറി വയ്ക്കുന്നതാണ് "മീന്‍ പീര" എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്)



കടുങ്ങാലി



കൈപ്പ
:::::::::::::::::::::::::: x :::::::::::::::::::::::::::::::::

4. കൈലി/ആടുകുണ്ട/വാഴക്കാവരയന്‍ (Puntius fasciatus/Puntius melanampyx) എന്നയിനം സാധാരണയായി തോടുകളിലും ഒഴുക്കുവെള്ളത്തിലുമാണ് കാണുന്നത് എന്ന് (എനിക്ക്) തോന്നുന്നു. ഇവയുടെ ദേഹത്തുള്ള വരകള്‍ ആണ് ഒരു പ്രത്യേകതയായി പറയാനുള്ളത്.



:::::::::::::::::::::::::: x :::::::::::::::::::::::::::::::::

5. വയനാടന്‍ പരല്‍ (Puntius mahecola), ഉണ്ടക്കണ്ണി (Puntius sophore) ഇവയും പരലിന്റെ കുടുംബക്കാര്‍ തന്നെ.



..... ഉണ്ടക്കണ്ണി ... വയനാടന്‍ പരല്‍

:::::::::::::::::::::::::: x :::::::::::::::::::::::::::::::::

6. കച്ചിപ്പരല്‍ (Puntius chola), അരുളിപ്പരല്‍/സൈലസ് പരല്‍ (Puntius arulius) എന്നിവയും നമ്മുടെ ജലാശയങ്ങളില്‍ കണ്ടുവരുന്നവയാണ്.




കച്ചിപ്പരല് ‍....... അരുളിപ്പരല്‍/സൈലസ് പരല്‍

:::::::::::::::::::::::::: x :::::::::::::::::::::::::::::::::

7. ഞങ്ങള്‍ കറിക്കുപയോഗിക്കാത്ത തുപ്പലുകൊത്തി (Rasbora daniconius) എന്നറിയപ്പെടുന്ന ഒരു തരം പരല്‍ കൂടിയുണ്ട്. ആറ്റിലോ, തോട്ടിലോ കുളത്തിലോ ഒന്ന് തുപ്പി നോക്കൂ. ഒരു മീന്‍ ഓടി വന്ന് അത് കൊത്തുന്നുവെങ്കില്‍ അത് തുപ്പലു കൊത്തി തന്നെ.






:::::::::::::::::::::::::: x :::::::::::::::::::::::::::::::::

8. ഇനിയാണ് പരലുകളില്‍ വിലയേറിയ ഇനത്തിനെ പരിചയപ്പെടാന്‍ പോകുന്നത്. പക്ഷേ ഇവന്‍(ള്‍) കറി വയ്ക്കുന്നയിനമല്ല. അക്വേറിയങ്ങള്‍ക്ക് പ്രിയപ്പെട്ടവയാണിവ, അതെ മിസ്.കേരള , അഥവാ ചെങ്കണിയാന്‍ (Puntius denisonii). (ഇവയെപ്പറ്റിയുള്ള അനോണി ആന്റണിയുടെ പോസ്റ്റ് നോക്കൂ)



മിസ്.കേരള


Courtesy : Fishbase, Parisaramahiti
Pictures : Diff Websites

November 11, 2008

അറിഞ്ഞില്‍ (Glassy Fish, Glass Fish)

അറിഞ്ഞില്‍

നമ്മുടെ നദികളില്‍ സാധാരണ കണ്ടു വരുന്ന ഒരു മത്സ്യം ആണ് അറഞ്ഞില്‍ അല്ലെങ്കില്‍ അറിഞ്ഞില്‍. തെളിഞ്ഞ വെള്ളത്തിലും പുതു വെള്ളത്തിലും ഇവ ധാരാളമായി കാണുന്നു. അതുപോലെ വിശാലമായ കായലുകളിലും ഇവ കണ്ടു വരുന്നു. ശുദ്ധജലത്തിലും ചെറിയ അളവു വരെ ഉപ്പുവെള്ളത്തിലും ജീവിക്കാന്‍ കഴിവുള്ള മത്സ്യമാണ് അറഞ്ഞില്‍ എന്ന Ambassis dussumieri. ആറ്ററഞ്ഞില്‍ (Ambassis nalua) എന്നറിയപ്പെടുന്ന ഇത്തിരി വലുപ്പം കൂടിയ ഇനവും നമ്മുടെ നാട്ടില്‍ കണ്ടുവരുന്നുണ്ട്. മരൊറ്റിനം ആണ് Indian glassy fish എന്നറിയപ്പെടുന്ന Parambassis ranga.


ഇതിന്റെ പ്രാദേശിക നാമങ്ങളില്‍ ഒരു പേരാണ് നന്ദന്‍ അഥവാ നന്തന്‍. കൂട്ടം കൂട്ടമായി നടക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു മത്സ്യം കൂടിയാണ് അറഞ്ഞില്‍ എന്ന് പറയാം.

Indian glassy fish എന്നറിയപ്പെടുന്ന Parambassis ranga

ചെറിയ വിഭാഗത്തില്‍ പെടുന്ന അറഞ്ഞിലിന്റെ ശരീരം ഒരു ഗ്ലാസ്സ് പോലെയാണ് അകത്തുള്ള മുള്ളുകള്‍ വരെ തെളിഞ്ഞു കാണാം. മൂന്ന് നാലിഞ്ച് നീളമേ ഇവയ്ക്ക് കാണാറുള്ളു. ആറ്ററഞ്ഞില്‍ എന്ന വിഭാഗത്തിന് നാലു മുതല്‍ അഞ്ച് ഇഞ്ചു വരെ വലുപ്പം കാണപ്പെടുന്നു.

ആറ്ററഞ്ഞില്‍

അറഞ്ഞിലിന്റെ മറ്റു വിഭാഗങ്ങള്‍ Ambassis buruensis , Ambassis natalensis, Ambassis gymnocephalus, Ambassis interrupta, Ambassis kopsii, Ambassis macracanthus, Ambassis macracanthus, Ambassis miops, തുടങ്ങിയ ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്നവയാണ്.


ഇതില്‍ ചില ഇനങ്ങള്‍ അഴിമുഖങ്ങളിലും (കടലിലും) കാണപ്പെടുന്നവയാണ്. ഉദാ:Ambassis interrupta, Ambassis natalensis, Ambassis miops തുടങ്ങിയവ.


അഴിമുഖങ്ങളിലെ Ambassis miops കൂട്ടം


നല്ല രുചിയുള്ള മാസമാണ് ഈ മത്സ്യങ്ങള്‍ക്കുള്ളത്. വറുക്കാന്‍ ബഹുകേമം. അറഞ്ഞില്‍ നല്ലപോലെ പൊരിച്ചെടുത്താല്‍ നല്ല കറുമുറെ തിന്നമ്മ്. കറിക്കും കൊള്ളാം.

Courtesy : fishbase

November 4, 2008

കരിമീന്‍, പള്ളത്തി

കരിമീന്‍ (Etroplus suratensis )
ഇന്ന് പറയാന്‍ പോകുന്നത് മീന്‍ ഇഷ്ടപ്പെടുന്ന മലയാളികള്‍ക്കും കേരളം സന്ദര്‍ശിക്കുന്ന വിദേശികളടക്കമുള്ള വിനോദ സഞ്ചാരികള്‍ക്കും പ്രിയപ്പെട്ട കരിമീന്‍ അഥവാ Pearl Spot-നെ പറ്റിയാണ്. കരിമീന്‍ അറിയാത്തവര്‍ ഉണ്ടാകും എന്ന് വിശ്വസിക്കുന്നില്ല. കരിമീന്‍ പ്രാച്ചി എന്നും ഇതിനെ പറയുന്നത് കേട്ടിട്ടുണ്ട്.

Etroplus suratensis എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന കരിമീന്‍ ഒരു ശുദ്ധജലമത്സ്യം ആണ്. കേരളത്തില്‍ വേമ്പനാട് കായലില്‍ ഇവ സമൃദ്ധമായി കാണുന്നു. മറ്റു കായലുകളില്‍ ഇവ ഉണ്ടെങ്കിലും ചെളി കുറവായതിനാല്‍ വേമ്പനാട്ടു കായലിലെ കരിമീന് സ്വാദ് കൂടുതലാണെന്ന് പറയുന്നു.

Genus :Etroplus Cuvier
Scientific name :Etroplus Suratensis (Bloch)
English name :Pearl-spot





സാഹയുടെ കരിമീന്‍! Etroplus Suratensis എന്ന പോസ്റ്റില്‍ നിന്നും ഒരു പടം. (ചോദിക്കാതെ എടുത്തതിന് ക്ഷമാപണം)
രണ്ട് കിലോ വരെ വലുപ്പമുള്ള കരിമീനെ കണ്ടിട്ടുണ്ട്. പക്ഷേ പൊതുവേ കണ്ടു വരുന്നത് 200-300ഗ്രാം ഉള്ളവയാണ്. അതിലും വലുതാകാന്‍ മനുഷ്യര്‍ അവയെ അനുവദിക്കുന്നില്ല. കരിമീന് പൊതുവേ കരിമ്പച്ച കളര്‍ ആണുള്ളത്. പുറത്ത് കുറുകെ എട്ട് വരകള്‍ കാണപ്പെടുന്നു. കരിമീന്റെ ചെതുമ്പല്‍ അടികൂട്ടി ചെത്തി എടുക്കുകയാണ് ചെയ്യുന്നത്. പിന്നെ നല്ല കരുമുരാ വറുത്തെടുത്താല്‍ !!!




********* ********** **********
പള്ളത്തി (Etroplus Maculatus)

ഇനി ഇവന്റെ വംശത്തില്‍ പെട്ട ഒരു ചെറിയ ഇനത്തിനെ പരിചയപ്പെടാം. പള്ളത്തി എന്ന് ഞങ്ങള്‍ പറയുന്ന Etroplus Maculatus. ഇവയ്ക്ക് കരിമീന്റെ ഷേപ്പ് മാത്രമേ ഉള്ളൂ. കളറും വലിപ്പവും എല്ലാം വ്യത്യാസമാണ്. മഞ്ഞപ്പള്ളത്തി, കറുത്ത പള്ളത്തി എന്നീ രണ്ടിനം ആണ് പൊതുവേ കണ്ടുവരുന്നത്. മുഴുവന്‍ മഞ്ഞനിറമുള്ളവ കേരളത്തില്‍ കുറവാണ്, പകരം കുറച്ച് ഭാഗം മാത്രം മഞ്ഞ നിറമുള്ളവയാണുള്ളത്.
...


മണ്‍സൂണ്‍ മഴക്ക് പാടങ്ങളില്‍ കയറുന്ന പള്ളത്തികള്‍ തുലാമാസമാകുമ്പോഴേക്ക് കുഞ്ഞുങ്ങളുമായി തിരികെ ആറ്റിലേക്ക് കൂട്ടം കൂട്ടമായി എത്തുന്നു. ആ സമയത്ത് വല നിറയെ പള്ളത്തിയെ കിട്ടാറുണ്ടായിരുന്നു. തല കളഞ്ഞ് വെട്ടി വറുത്താല്‍ പെറുക്കി പെറുക്കി തിന്നാല്‍ മതി. മിച്ചം വരുന്നവ ഉണങ്ങി സൂക്ഷിച്ചിരുന്നു.
...

Image Courtesy : Different Websites (Extending thanks)

November 3, 2008

ആറ്റുവാള (Wallago attu)

ആറ്റുവാള
ആറ്റുവാള, പുഴവാള, തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന വാളയെ പറ്റി ആദ്യം എഴുതണം എന്നാണ് കരുതിയിരുന്നത്. കാരണം ഊത്തക്ക് വീശാന്‍ പോകുമ്പോള്‍ ആത്യന്തികമായ ലക്ഷ്യം വാള കിട്ടുക എന്നതായിരുന്നു. വാളയുടെ രുചിയല്ല, അത് വലയില്‍ പെട്ടു കഴിയുമ്പോള്‍ വലയ്ക്കുള്ളില്‍‍ കിടന്നുള്ള "ഇടി" അനുഭവിക്കുക എന്നതാണ് വാളയെ ലക്ഷ്യം വയ്ക്കാന്‍ കാരണം. ഊത്തക്ക് കിട്ടുന്ന വലിയ മത്സ്യങ്ങളില്‍ ഒന്നായിരുന്നു വാള അഥവാ White Sheatfish.
1. 'ത്ലാപ്പ' -ബട്ടര്‍ ക്യാറ്റ്ഫിഷ്- Ompok bimaculatus
വേമ്പനാട്ട് കായലില്‍ കഴിയുന്ന വാളകള്‍ പുതുവെള്ളം കായലില്‍ എത്തിയാലുടന്‍ ശുദ്ധജലം നിറഞ്ഞു കിടക്കുന്ന പാടങ്ങളില്‍ മുട്ട ഇടാന്‍ വേണ്ടി ആറുകളിലേക്ക് യാത്രയാകും . അവിടെ വച്ചാണ് കശ്മന്മാരായ മനുഷ്യര്‍ ഇവയെ പിടിക്കുന്നത്. നിറയെ മുട്ടകളുമായി കിട്ടുന്ന ഇവയ്ക്ക് ഒന്നര മുതല്‍ അഞ്ചു കിലോ വരെ തൂക്കം കാണൂം. ഇതിലും കൂടിയത് ഉണ്ടെങ്കിലും അഞ്ചാറു കിലോ വരെയുള്ളതേ വലയില്‍ കിട്ടാറുള്ളായിരുന്നു. അതു തന്നെ വല കടിച്ചു പൊട്ടിച്ചു കൊണ്ടുപോയില്ലെങ്കില്‍. രാത്രി ആണ് വാളയെ കൂടുതല്‍ കിട്ടിയിരുന്നത്.

2. ആറ്റുവാള

ഞങ്ങളൂടെ നാട്ടില്‍ ആറ്റില്‍ തടവല ഇട്ടിട്ട് ആണ് വീശുന്നത്. ഈ തടവല വെള്ളത്തിനു മേലെ ഒന്നു രണ്ടടി ഉയരത്തില്‍ നില്‍ക്കും. എങ്കിലും വാളകള്‍ ഇതിനു മുകളില്‍ കൂടി, ഡോള്‍ഫില്‍ ചാടുന്ന പോലെ ചാടി പോകുന്ന കാണാം. ഇങ്ങനെ ചാടുന്നതിനെ പിടിക്കാന്‍ തടവലക്ക് പുറകില്‍ ആട്ടു തൊട്ടില്‍ പോലെ "ചാട്ടവല" കെട്ടുന്നവരുമുണ്ട്. ആറ്റുവരമ്പില്‍ ചാടി വീണ് പോലും വാളയെ ചിലപ്പോള്‍ കിട്ടാറുണ്ട്.

3.
ഇവയുടെ വായ നിറച്ചും ചെറിയ ചെറിയ പല്ലുകള്‍ ആണുള്ളത്. കൈ എങ്ങാനും വായില്‍ പെട്ടുപോയാല്‍ കുറെ തൊലി പോകാതെ തിരിച്ചു കിട്ടാന്‍ പ്രയാസം. മാംസത്തിന് ബലം കുറവാണ്. കറിക്ക് മാത്രമേ കൊള്ളാവൂ എന്നാണ് എന്റെ അഭിപ്രായം.


4.


5.

നോട്ട് : ഇവന്റെ ശാസ്ത്രനാമം കണ്ടോ Wallago attu . ഏതോ മലയാളി സായിപ്പിന് ആറ്റു വാള എന്ന് പറഞ്ഞ് കൊടുത്തത് സായിപ്പ് തിരിച്ചിട്ടതാണെന്ന് തോന്നുന്നു. "വാള്ളഗോ ആറ്റു" !!
Image courtesy : Different Websites


November 2, 2008

മുശി,മുഷി,മുശു (Catfish, Clarias Batrachus)

മുശി

മുഷി , മുശി, മുഴി, മുഴു, മുശു, മുഷു, ഒറത്തല്‍, വരിച്ചുണ്ടന്‍ മുഷി, മൊഴി, യെരിവാളൈ.. ഇവനെന്തൊക്കെ പേരാണ് ! മുശി എന്നാണ് കോട്ടയംകാര്‍ പറയുന്നത്. പാലായിലും പരിസരങ്ങളിലും ഇവന്‍ മുഷി ആണ്. എറണാകുളത്ത് മുഴി ആണെന്ന് തോന്നുന്നു. തൃശൂരുകാര്‍ക്ക് ഇവന്‍ മുശു അല്ലേ? പല പേരില്‍ അറിയപ്പെടുന്ന ഇവന്‍ പല രൂപത്തിലും ഉണ്ട് കേട്ടോ.

മുശി

പൊതുവേ catfish എന്നറിയപ്പെടുന്നു എങ്കിലും Clarias batrachus, Clarias dayi, Clarias dussumieri, Clarias gariepinus, Plotosus canius, Plotosus limbatus, Plotosus lineatus തുടങ്ങിയ ശാസ്ത്രനാമങ്ങളില്‍ അറിയപ്പെടുന്നതൊക്കെ ഇവന്റെ കുടുംബക്കാരാണ്



മുഷി
പ്രാദേശിക നാമങ്ങള്‍ : മുഷി , മുശി, മുഴി, മുഴു, മുശു, മുയ്യ്, കെണ്ട, ഒറത്തല്‍, വരിച്ചുണ്ടന്‍ മുഷി, യെരിവാളൈ
വെള്ളമില്ലാതെ തന്നെ ഇവ കുറച്ച് ദിവസം വേണമെങ്കില്‍ ജീവിക്കും. അത്രക്ക് ആയുസാണ്. പണ്ടൊക്കെ പാടത്ത് വെള്ളം കയറുന്ന ദിവസം ആളുകള്‍ മീനെ വെട്ടാന്‍ പോകുമ്പോള്‍ ഇവന്‍ ഇങ്ങനെ ഇത്തിരി വെള്ളത്തില്‍ കൂടി ഒക്കെ കയറി വരും, പിന്നെ സംഗതി എളുപ്പമല്ലേ. എന്തിന് നനവുള്ള പുല്ലിന് മേലേ കൂടി വരെ ഇവന്‍ വരും...തന്റെ ചിറകുകളില്‍ കുത്തി പുല്ലില്‍ കൂടി ഇഴഞ്ഞ് ഇവ ചെറിയ പ്രാണികളെ ഒക്കെ തിന്നാറുണ്ട് എന്ന് പറയുന്നു. ഇത് ഒന്ന് കണ്ടു നോക്കൂ.



ഇവയില്‍ തന്നെ Clarias gariepinus എന്ന ആഫ്രിക്കന്‍ മുഷി ആണ് വലിയവനും അപകടകാരിയും. ഇന്ന് നമ്മുടെ നാട്ടിലെ ആറുകളിലും തോടുകളിലും ഇവയെ കാണുന്നുണ്ട്. പല ചെറിയ മീനുകള്‍ക്കും ഭീഷണിയായി മാറുന്ന ഒരു വര്‍ഗ്ഗമാണിത്. ആരൊക്കെയോ കുളങ്ങളില്‍ വളര്‍ത്തിയ ഇവ ഇപ്പോള്‍ പെരുകുന്നു എന്നറിയുന്നു. ആഫ്രിക്കയില്‍ കാണുന്നവ 50Kg വരെ വലുതാകുന്നതാണ്. പെട്ടെന്ന് പെരുകുന്ന ഒരു ഇനം കൂടിയാണിത്.





ആഫ്രിക്കന്‍ മുഷി
.
Main Courtesy : Fishbase
image courtesy: different websites.

November 1, 2008

പൂളോന്‍ (Glossogobius giuris)

പൂളോന്‍

"പൂളോന്‍" (goby fish) എന്നത് വളരെ അപൂര്‍‌വ്വമായി ഞങ്ങള്‍ക്ക് കിട്ടിയിരുന്ന ഒരു മീനാണ്. കഴിഞ്ഞ പോസ്റ്റിന്റെ കമന്റില്‍ കുതിരവട്ടന്‍ പറഞ്ഞതു പോലെ ഇന്നത് കാണാനേ ഇല്ല എന്ന് തന്നെ പറയാം. എങ്കിലും വെള്ളം പൊങ്ങുന്ന സമയത്ത് വേമ്പനാട് കായലില്‍ നിന്നും ഇവന്‍ ഞങ്ങളുടെ ആറ്റില്‍ ഇപ്പോഴും എത്താറുണ്ട് എന്ന് തോന്നുന്നു.


മണല്‍ അധികമുള്ള ആറുകളില്‍ ആണിവയെ കൂടുതല്‍ കാണുന്നത്, ഭാരതപ്പുഴയില്‍ ഇപ്പോഴും ഇവ ധാരാളമുണ്ട് എന്ന് തോന്നുന്നു.

ശാസ്ത്രീയ നാമങ്ങള്‍ : Glossogobius giuris, Bathygobius fuscus

കാഴ്ചയില്‍ വരാലുമായി സാമ്യം ഉണ്ടെങ്കിലും ഇവന്റെ വായക്ക് ഭയങ്കര വലുപ്പം ആണ്. ഏകദേശം എട്ട് പത്തിഞ്ച് നീളം വരെയുള്ളയെ കണ്ടിട്ടുണ്ട്. അതിലും വലുതാകുമോ എന്ന് എനിക്കറിയില്ല. ഇവന്റെ ഒന്നു രണ്ട് ചിത്രങ്ങള്‍ നെറ്റില്‍ നിന്നും പരതി എടുത്തിട്ടുണ്ട്, അവ താഴെ കാണാം.


പൂളോന്‍


മറ്റുള്ളവ

ഈയിടെ വന്ന മറുപടികള്‍

സന്ദര്‍ശകര്‍