ഒരോ മീനിനെ പറ്റിയും ജീവിയെപറ്റിയും എഴുതാന്‍ വിട്ടുപോയ എന്തെങ്കിലും നിങ്ങള്‍ക്കറിയാമെങ്കില്‍ കമന്റിലൂടെ പൂരിപ്പിക്കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.

December 31, 2008

ആരോന്‍, പനയാരോന്‍ (Mastacembelidae family)

ആരോന്‍

Mastacembelidae (spiny eels) കുടുംബത്തില്‍ പെട്ടതും Macrognathus guentheri (Malabar spinyeel), Macrognathus keithi എന്നീ പേരുകളില്‍ നമ്മുടെ നാട്ടില്‍ അറിയപ്പെടുന്നതുമായ ആരോന്‍ അല്ലെങ്കില്‍ ആരകന്‍ 25-30 സെന്റിമീറ്റര്‍ വരെ വളരുന്ന ഒരു മത്സ്യമാണ്. വെള്ളത്തിന്റെ അടിഭാഗത്തുകൂടി നടക്കുവാന്‍ ഇഷ്ടപ്പെടുന്ന ഇവ ഒഴുക്കുവെള്ളത്തിലും കാണപ്പെടുന്നു.

Macrognathus aaral
Macrognathus aral (One-stripe spiny eel) എന്നയിനത്തിന് അറുപത് സെന്റിമീറ്റര്‍ വരെ നീളം കാണും. നമ്മുടെ ജലാശയങ്ങളില്‍ ഇവയുടെ എണ്ണം വളരെ കുറവാണ്. ശരീരത്തുള്ള ഡിസൈന്‍ ആണ് ഇവയുടെ പ്രത്യേകത.

പനയാരോന്‍
Tire track eel (Mastacembelus armatus) അഥവാ 'പനയാരോന്‍' എന്നയൊരിനം ഉണ്ടെങ്കിലും നമ്മുടെ നാട്ടില്‍ ഇവ അപൂര്‍‌വ്വം ആണെന്ന് തോന്നുന്നു. എങ്കിലും ചിലപ്പോഴൊക്കെ ഇവനെ വലയില്‍ കിട്ടിയിരുന്നു. ഇവയുടെ ദേഹത്ത് വട്ടത്തിലുള്ള ഡിസൈന്‍ ആണുള്ളത്. മലേഷ്യന്‍ തടാകങ്ങളില്‍ കാണപ്പെടുന്ന ഇവയ്ക് തൊണ്ണൂറ് സെന്റിമീറ്റര്‍ വരെ നീളം കാണും എന്ന് വിക്കിയില്‍ ഇവിടെ പറയുന്നു.



Macrognathus keithi
എണ്‍‍പതുകളുടെ അവസാനവും തൊണ്ണൂറുകളുടെ ആദ്യവും നമ്മുടെ നാട്ടില്‍ പടര്‍ന്ന വൈറസ് ബാധിച്ച് കുറെയൊക്കെ നശിച്ച ഒരു മത്സ്യമാണ് ആരോന്‍. (വരാല്‍, കരിമീന്‍, പരല്‍, ഇവയൊക്കെ അന്ന് സാരമായി അസുഖം ബാധിച്ച ഇനങ്ങളാണ്).

തൊട്ടാല്‍ ‍വഴുവഴുപ്പുള്ള ഇവയുടെ തൊലി ഉരിച്ചെടുക്കാന്‍ സാധിക്കും. വയറിന്റെ അടിഭാഗത്തായി വെളിയിലേക്ക് വളഞ്ഞ കട്ടിയുള്ള ഒരു മുള്ള് കാണപ്പെടുന്നു. നല്ല ഉറപ്പുള്ള മാസം ഉള്ള ആരോന്‍ വറുക്കാന്‍ അത്യുത്തമം. കറിക്കാണെങ്കിലും നല്ലത്.



ശരീരഘടനയിലുള്ള ചെറിയ വ്യത്യാസങ്ങള്‍ കൊണ്ട് വേര്‍തിരിക്കപ്പെട്ട ധാരാളം ഇനങ്ങള്‍ ആരോന്‍ ഉണ്ട്. (ഇവ തമ്മിലുള്ള വ്യത്യാസം എന്തെന്ന് ചോദിക്കല്ലേ, വ്യക്തമായി എനിക്കറിയില്ല). ഇവയുടെ ശാസ്ത്രനാമങ്ങള്‍ താഴെ കൊടുക്കുന്നു.

1. Macrognathus guentheri (Malabar spinyeel)
2. Mastacembelus vanderwaali (African Spiny Eel)
3. Macrognathus keithi
4. Macrognathus aral
5. Mastacembelus armatus
6. Macrognathus taeniagaster
7. Mastacembelus sanagali
8. Mastacembelus cryptacanthus

ഇതൊക്കെ സേര്‍ച്ച് അടിക്കുമ്പോള്‍ കിട്ടുന്ന പടങ്ങളില്‍ ചിലതൊക്കെ ഒരേ പോലെയിരിക്കുന്നു. അതായത് ചെറിയ വ്യത്യാസങ്ങള്‍ മാത്രമേ ഉള്ളൂ എന്ന് തോന്നുന്നു.

Picture Courtesy : different websites

December 24, 2008

കാരി - (Asian Stinging catfish)

കേരളത്തില്‍ പൊതുവേ കണ്ടു വന്നിരുന്ന ഒരു മ‍ത്സ്യമാണ് കാരി അഥവാ Heteropneustes fossilis (Stinging catfish). "കണ്ടുവന്നിരുന്ന" എന്ന് പറയുന്നതാണ് ശരി എന്ന് തോന്നത്തക്കവിധം ഇതിന്റെ എണ്ണം കുറഞ്ഞിട്ടുണ്ട് എന്ന് പറയപ്പെടുന്നു. ചിലയിടങ്ങളില്‍ തെയിലി എന്നും കടു എന്നും ഇവ അറിയപ്പെടുന്നു.


പണ്ടൊക്കെ ഞങ്ങളുടെ നാട്ടില്‍ ആറുകളിലും തോടുകളിലും എപ്പോഴും 'മറിഞ്ഞ്' കളിച്ചിരുന്ന ഒരു മീനായിരുന്നു ഈ 'കാരി'. നോക്കി നില്‍ക്കുമ്പോള്‍ ഇവ ഓടി വന്ന് ശ്വാസം എടുത്തിട്ട് പോകുന്നത് കാണാമായിരുന്നു. പ്രത്യേകിച്ച് പാടത്തെ വെള്ളം വറ്റിക്കുന്ന സമയത്ത്.





കാരിയുടെ ശരീരം വെള്ളമയമുള്ളതും വഴുവഴുപ്പോട് കൂടിയതുമാണ്. ഇതിന് രണ്ട് മുള്ളുകള്‍ (കൊമ്പുകള്‍) ആണുള്ളത്. മുതുകത്ത് മുള്ള് ഇല്ല. ഉള്ള രണ്ട് മുള്ളുകള്‍ (കൊമ്പുകള്‍) നമ്മുടെ ശരീരത്ത് എവിടെയെങ്കിലും കയറിയാല്‍ ഭയങ്കരമായ വേദനയാണ്. ഒരു തരം മരവിപ്പും കാണും. കാരണം ഇവയ്ക്ക് വിഷം ഉണ്ട്. മുള്ള്‍ തറക്കുന്ന ഭാഗം നീരു വന്ന് വീര്‍ക്കും. ചൂടുവെള്ളം ഒഴിച്ചു കഴുകുന്നത് നല്ലതായിരിക്കും. (രഹസ്യമായി ഒരു കാര്യം കൂടി. ആറ്റുതീരത്ത് എവിടെ ചൂടുവെള്ളം, അതിനുപകരം മുള്ളുകൊള്ളുന്നയിടത്ത് മൂത്രം ഒഴിച്ചാല്‍ മതിയെന്ന് പറയുന്നവരുണ്ട്.


പൊതുവെ രണ്ടു നിറത്തിലുള്ള കാരികളെ നമ്മുടെ നാട്ടില്‍ ‍കണ്ടു വരുന്നു. ഒന്ന് നല്ല കറുത്ത നിറമുള്ളവ. രണ്ട്, ചാണകപ്പച്ച നിറം കലര്‍ന്ന കറുപ്പ് നിറത്തോട് കൂടിയത്.



പ്രാദേശിക നാമങ്ങള്‍ : കാരി, കടു, തെയിലി

തൊലി ഉരിഞ്ഞെടുത്ത് നല്ല മുളകും തേച്ച് വറുത്തടിക്കാന്‍ നല്ല മീനാണ് കാരി. കാരിയെ പറ്റി കൂടുതല്‍ ഇവിടെ കാണാം.

December 15, 2008

ചില്ലാന്‍, കൂരി (Asian Striped Catfish)

ചില്ലാന്‍.. പാണന്‍ ചില്ലാന്‍ (Asian Striped Catfish). കൂരി എന്നും കല്ലന്‍ കൂരി എന്നും ഏട്ടച്ചുള്ളി എന്നും പാണ്ടന്‍ ചില്ലാന്‍ എന്നും ഒക്കെ പല സ്ഥലങ്ങളിലും അറിയപ്പെടുന്നത് ഈ ചെറിയവന്‍ തന്നെയാണ്.


Mystus vittatus


പ്രാദേശിക നാമങ്ങള്‍ :ചില്ലാന്‍, പാണന്‍ ചില്ലാന്‍, കൂരി, കല്ലന്‍ കൂരി,ഏട്ടച്ചുള്ളി, പാണ്ടന്‍ ചില്ലാന്‍

Mystus oculatus


പുതുവെള്ളത്തില്‍ വയറു നിറയെ മുട്ടകളുമായി ഇവ കൂട്ടം കൂട്ടമായി ആറുകളിലേക്ക് കയറി വരും. കല്ലുകള്‍ക്കിടയിലൂടെ കടന്നു വരുന്ന ചില്ലാന്‍ കൂട്ടം എണ്ണിയാല്‍ ഒടുങ്ങാത്തത്ര കാണും. ഇവയുടെ കൂട്ടം (നൂറും ഇരുനൂറും എണ്ണം) വലയില്‍ കുടുങ്ങിയിട്ട് വലയുമായി വീട്ടില്‍ പോയവര്‍ ഞങ്ങളുടെ നാട്ടില്‍ ധാരാളമുണ്ട്.


കാരണം ഇവയ്ക്ക് മൂന്നു കൊമ്പുകള്‍ ഉണ്ട്, ചിറകിനോട് ചേര്‍ന്ന് രണ്ടെണ്ണവും, മുതുകില്‍ ഒരെണ്ണവും. അതില്‍ ചിറകിനോട് ചേര്‍ന്നുള്ളവയ്ക്ക് അരം പോലെ മടക്കുകളും ഉണ്ട്. ഇവ രണ്ടും ഒടിച്ചാലേ ഇവയെ വലയില്‍ നിന്ന് എടുക്കാനാവൂ. ഇതൊന്നു കയ്യില്‍ തറച്ചാലോ ! പിന്നെ കയ്യും വായില്‍ വച്ച് മുകളിലേക്ക് ചാടിയാല്‍ മതി... കൈ പഴുക്കാതിരുന്നാല്‍ ഭാഗ്യം...


Mystus cavasius


നാല് -അഞ്ച് ഇഞ്ച് വരെ നീളമുള്ള ചില്ലാനെ കാണാമെങ്കിലും പൊതുവില്‍ മൂന്ന് നാല് ഇഞ്ച് ആണ് ഇവയുടെ വലുപ്പം എന്ന് തോന്നുന്നു.


Mystus castaneus


ചില്ലാന്‍ കറി വയ്ക്കാനാണ് നല്ലത്. ഇവയെ ഉണങ്ങിയും സൂക്ഷിക്കാറുണ്ട്. കൂടുതല്‍ എണ്ണം കുറഞ്ഞ സമയത്ത് കിട്ടുന്നത് തന്നെ കാരണം. നല്ലവണ്ണം ഉപ്പിട്ട് ഉണങ്ങിയാല്‍ വറക്കാന്‍ വലരെ നല്ലത്.


::::::::::::::::: x :::::::::::::::::::::::: x ::::::::::::::::::::: x ::::::::::::::::::

കാഴ്ച്ചയില്‍ ഇവനെപോലെ തോന്നുമെങ്കിലും മഞ്ഞക്കൂരി (Horabagrus brachysoma) ഇവന്റെ കുടുംബപ്പേരുകാരനല്ല.


December 4, 2008

മുതുകല, അല്ലെങ്കില്‍ മുതുകൊമ്പല (Nandus Nandus)

മുതുകല, Nandus Nandus (Gangetic leaf fish)

മുതുകല, മുതുകൊമ്പല, ഉറക്കം തൂങ്ങി, അല്ലെങ്കില്‍ മുതുക്കി, എന്നൊക്കെ അറിയപ്പെടുന്ന ഇവന്‍ നമ്മുടെ നാട്ടില്‍ ഇക്കാലത്ത് വളരെ അപൂര്‍‌വ്വമായി മാത്രം കാണുന്ന ഒരിനം ആണെന്ന് എനിക്ക് തോന്നുന്നു. ഇവയെ അക്വേറിയത്തില്‍ വളര്‍ത്താനും ഉപയോഗിക്കുന്നുണ്ട്. ഏഴ് എട്ടിഞ്ച് വരെ നീളം വയ്ക്കും എന്ന് തോന്നുന്നു.
ഇവനെ പിടിച്ച് വായ ഒന്നു തുറന്നു നോക്കണം. ഇവനേക്കാള്‍ വലിയ ഒരു മീനിനെ ഉള്‍ക്കൊള്ളാന്‍ പറ്റിയ വലുപ്പത്തില്‍ വായ വികസിക്കുന്നത് കാണാം. അതായത് അടുക്കടുക്കായി ഇരിക്കുന്ന വായ പൊളിക്കുമ്പോള്‍ വളരെ വലുതായി വരും എന്ന് സാരം. ദേഹം നിറയെ കട്ടിയുള്ള ചെതുമ്പലുകള്‍ കാണുന്നു. മുതുകു ഭാഗത്ത് കട്ടിയുള്ള മുള്ളുകളും ഉണ്ട്.


വെള്ളം പൊങ്ങുന്ന സമയത്ത് ഞങ്ങളുടെ നാട്ടില്‍ കിട്ടിയിരുന്ന ഒരു മീനാണിവന്‍. Nandus Nadus, Gangetic leaf fish എന്നും ഇംഗ്ലീഷില്‍ പറയപ്പെടുന്ന ഇവന്‍ ഏഷ്യയിലാണ് പൊതുവേ കാണപ്പെടുന്നത്.

ഇത് വായിക്കുന്ന പലര്‍ക്കും ഇവന്‍ ഒരു അജ്ഞാതന്‍ ആയിരിക്കും എന്ന് തോന്നുന്നു. സാധാരണ മാര്‍ക്കറ്റില്‍ ഒന്നും കാണാത്ത മീന്‍ ആണല്ലോ. ഇവനെ കാണാത്തവര്‍ ഉണ്ടെങ്കില്‍ ഒന്നു പറഞ്ഞിട്ടു പോകണേ.. കണ്ടവരാണെങ്കിലും പറയാം.. മറ്റു പേരുകളില്‍ ഇവന്‍ അറിയപ്പെടുന്നു എങ്കില്‍ അതു കൂടി അറിയിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

മറ്റുള്ളവ

ഈയിടെ വന്ന മറുപടികള്‍

സന്ദര്‍ശകര്‍